
പത്തനംതിട്ട കടമ്പനാട് കല്ലുകുഴി ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഒറ്റയാൻ എന്ന പേരുള്ള ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസും റദ്ദാക്കി. ഒറ്റയാൻ എന്ന ബസിന്റെ ഡ്രൈവർ അരുൺ സജിയുടെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
അമിതവേഗം അപകടത്തിനിടയാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സ്പീഡ് ഗവർണറിൽ വേഗം 95 കിലോമീറ്റര്‍ എന്നാണ് ക്രമപ്പെടുത്തിയിരുന്നത്. അനുവദിച്ചിട്ടുള്ള വേഗപരിധിക്കും മുകളിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ഇതോടെ വ്യക്തമായെന്നും അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30 ന് ആയിരുന്നു അപകടം. കൊല്ലം പള്ളിമുക്കിലെ ബി.എഡ് കോളജ് അധ്യാപകരും വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്.
വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്.
ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. വളവ് വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്സും പൊലീസും നേരത്തെ വ്യക്തമാക്കിയത്. ബസിന്‍റെ ടയറിന്‍റെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളും പരിശോധിച്ചിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ബസ് അമിത വേഗതയിലാണെന്ന് വ്യക്തമായത്.