GOODWILL HYPERMART

ഇനി മേലാല്‍ വാഹനഅപകടം ഉണ്ടാകില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? അതുപോലെ വന്യമൃഗശല്യത്തിനും ശാശ്വത പരിഹാരമില്ല; വിവാദ പരാമര്‍ശവുമായി എ കെ ശശീന്ദ്രന്‍

മനുഷ്യ-മൃഗ സംഘര്‍ഷത്തില്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

വന്യജീവി ആക്രമണങ്ങളില്‍ വീണ്ടും മരണങ്ങളുണ്ടാകുമ്പോഴും വനംവകുപ്പ് നിഷ്‌ക്രിയമായിരിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ മനുഷ്യ-മൃഗ സംഘര്‍ഷത്തില്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരമില്ലെന്നാണ് വനംവകുപ്പ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കാട്ടിലൂടെ പോകാന്‍ അനുവാദം നല്‍കുകയും വേണം, വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ലെന്നത് എങ്ങനെ സാധിക്കുമെന്ന് വനംമന്ത്രി ചോദിച്ചു. വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വനംവകുപ്പ് മന്ത്രി.


‘സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ഉണ്ടാകുന്ന ഒരു പ്രശ്‌നമല്ലേ വന്യജീവി ആക്രമണം. ശാശ്വതമെന്ന് പറയാനാകില്ല. പരമാവധി പരിഹരിക്കും എന്നാണ് പറയാനുള്ളത്. ഇനി മേലാല്‍ കേരളത്തില്‍ ആത്മഹത്യയുണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരു റോഡ് അപകടം ഉണ്ടാകില്ലെന്ന് പറയാന്‍ സാധിക്കുമോ? ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണ്. ഇതിനൊന്നും അവസാന വാക്കുപറയാന്‍ ആര്‍ക്കാണ് സാധിക്കുക? ജനങ്ങളെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കരുത്’. മന്ത്രി എ കെ ശശീന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ..


വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കുന്ന കാര്യം പരിഗണിക്കും. നിയമസഭയിലും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തെ സര്‍ക്കാരിന് ഏതെല്ലാം വിധത്തില്‍ എതിര്‍ക്കാമെന്നതിന്റെ നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.