
രണ്ടര കിലോ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്തതില്‍ അറസ്റ്റിലായ കര്‍ണാടക, തെലങ്കാന സ്വദേശികളായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. തെലങ്കാനയിലെ രംഗാറെഡി ജില്ലാ സ്വദേശികളായ ഇശുകപ്പള്ളി വെങ്കട നരസിംഗ രാജു (53), പുതൂര്‍ അര്‍ക്കലഗുഡയില്‍ മഹേന്ദര്‍ റെഡ്ഡി (37), കര്‍ണാടക കുടക് വിരാജ്‌പേട്ട് കൊട്ടങ്കട വീട്ടില്‍ സോമയ്യ (49), ബംഗളൂരു ത്യാഗരാജ നഗര്‍ സുജാത ഹോമില്‍ താമസിക്കുന്ന രാമറാവു (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്.
തെലങ്കാനയില്‍ അനധികൃതമായി ലബോറട്ടറി നടത്തി നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. ഉത്പാദിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യതലത്തില്‍ ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രതികളാണ് ഇവര്‍. 02.07.2024 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പോലീസ് തലോര്‍ റോഡില്‍ വാഹന പരിശോധന നടത്തിയതില്‍ വാഹനത്തില്‍നിന്നും ഗുളിക രൂപത്തില്‍ സൂക്ഷിച്ചിരുന്ന 20ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
വാഹന ഡ്രൈവറായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ താമസിക്കുന്ന ഫാസില്‍ മുള്ളന്റകത്ത് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ അന്വേഷണത്തില്‍ വാഹന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒല്ലൂര്‍ പോലീസ് പരിശോധന നടത്തിയതില്‍ രണ്ടര കിലോ വരുന്ന ഗുളിക രൂപത്തിലും പൊടി രൂപത്തിലുമുള്ള എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നിയന്ത്രണത്തില്‍ 15 അംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ഹാജരായി.