
ഇടുക്കി ഉപ്പുതോട് വില്ലേജിൽ അനധികൃത ഖനനം വ്യാപകമെന്ന് റിപ്പോർട്ട്. അനധികൃത ഖനനത്തിനെതിരെ 20 ലേറെ തവണ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞവർഷം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിന്മേൽ ഒരു നടപടിയൂം റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. കുളം നിർമ്മാണത്തിന്റെ മറവിലാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പാറ പൊട്ടിച്ചു കടത്തിയത്. പാറ പൊട്ടിച്ച് കുളം നിർമിക്കാൻ അനുമതി നൽകിയത് ഒരാൾക്ക് മാത്രമായിരുന്നു.
90 പേർ പാറ പൊട്ടിച്ചെന്നും ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രതികരിച്ചു. വ്യാപക ഖനനം തങ്കമണി വില്ലേജിലാണെന്നും വില്ലേജ് ഓഫീസർ വ്യക്തമാക്കി. അതേസമയം, ഇടുക്കിയിലെ അനധികൃത ഖനന വാർത്ത പുറത്തുവന്നതിന് തൊട്ടുപുറകെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ മാറ്റി. ജോലിഭാരം പരിഹരിക്കാൻ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ് മാരേയും സ്ഥലംമാറ്റി. അതേസമയം, ഇവർക്ക് പകരം ഇടുക്കിയിൽ ആരേയും നിയമിച്ചിട്ടുമില്ല.