HONESTY NEWS ADS

 HONESTY NEWS ADS


ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്


പി സി ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പൊലീസ് അറസ്റ്റ് നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍, പൊലീസ് നീക്കത്തിന് വഴങ്ങാതെ നാടകീയമായി ജോർജ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.


ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS