.png)
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വീണ്ടും മയക്കു വെടി വെക്കും. കോടനാട് എത്തിച്ചു ചികിത്സ നൽകാനുള്ള നടപടികൾ ആരംഭിച്ചു. ആനയ്ക്കായുള്ള പുതിയ കൂടിന്റെ നിർമ്മാണം പൂർത്തിയായാൽ ദൗത്യം ആരംഭിക്കും. ദൗത്യത്തിനായി കുങ്കി ആനകളെയും ഉപയോഗിക്കും.
ഇതിനായി ഡോക്ടർ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലെത്തും. ജനുവരി 26 നാണ് അതിരപ്പിള്ളിയില്‍ വെച്ച് മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് അയച്ചത്. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയതായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം അറിയിച്ചിരുന്നു.
മൂന്ന് മയക്കുവെടി വെച്ച ശേഷമാണ് ആന അന്ന് നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നും കണ്ടെത്തിയിരുന്നു. മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിലായിരുന്നു ആനയെ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.