
ഇടുക്കിയിൽ കട്ടപ്പനക്ക് സമീപം കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. റോബിൻ ജോസഫ് കട്ടപ്പനയിൽ നിന്ന് വള്ളക്കടവിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. അമിതവേഗതിയിൽ എത്തിയ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.
ഇടുക്കിയിൽ ഇന്നലെ രാത്രി മറ്റൊരു അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചത്. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്.
പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടിത്താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച റീന ഒളിമ്പ്യൻ കെ എം ബീന മോളുടെ സഹോദരിയാണ്. മൂന്ന് പേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.