GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ആലുവയിൽ നിന്ന് മൂന്നാറിലേക്ക് പോകാനുള്ള എളുപ്പവഴി; രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

ആലുവയിൽ നിന്ന് മൂന്നാറിലേക്ക് പോകാനുള്ള എളുപ്പവഴി; രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പെ ഗതാഗതം നിലച്ചു പോയൊരു പാത വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് രാഷ്ട്രീയമായൊരു പ്രാധാന്യം കൈവന്നിരിക്കുകയാണ് ഇടുക്കി എറണാകുളം ജില്ലകളുടെ അതിര്‍ത്തിയില്‍. ആലുവയില്‍ നിന്ന് മൂന്നാറിലേക്കുളള എളുപ്പവഴിയായ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിനെതിരെ വനം വകുപ്പെടുത്ത കേസുകള്‍ കോതമംഗലം രൂപതയുടെ പ്രതിഷേധത്തിന് വരെ വഴിവെച്ചു. 


ആലുവയിൽ നിന്ന് മൂന്നാറിലേയ്ക്ക് പോകാനുള്ള എളുപ്പവഴിയായ പഴയ രാജപാത തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോതമംഗലത്തെ ഒരു വിഭാഗം ജനങ്ങൾ. കോതമംഗലത്ത് നിന്ന് തട്ടേക്കാടുള്ള പക്ഷിസങ്കേതം കടന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാലും പിന്നിട്ട് വേണം പൂയംകുട്ടിയിൽ എത്താൻ. പൂയംകുട്ടിയിൽ കാണുന്ന ഇലക്ട്രിക് ഫെൻസിംഗിനപ്പുറമാണ് മൂന്നാറിലേക്കുള്ള രാജപാത. ഇപ്പോൾ ഈ ഫെൻസിംഗിനപ്പുറം കടക്കാനാവില്ല. കടന്നാൽ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്ന ഒരു ബോർഡ് വനം വകുപ്പ് ഇവിടെ വെച്ചിരിക്കുന്നത് കാണാം. ഈ പാതയിലെ സഞ്ചാരത്തിന് വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കോതമംഗലത്തെ ഇപ്പോഴത്തെ പ്രക്ഷോഭം.


1857ൽ ജോൺ ദാനിയേൽ മൺറോ എന്ന ബ്രിട്ടീഷ് എൻജിനീയർ പണിത റോഡാണിത്. 1924ലെ മഹാപ്രളയത്തിൽ ഈ റോഡിൻ്റെ ഭാഗമായ കരിന്തിരിമലയിൽ 300 മീറ്ററോളം റോഡ് ഒലിച്ചു പോയതോടെ ഗതാഗതം കുറഞ്ഞു. 1934ൽ നേര്യമംഗലം അടിമാലി വഴി മൂന്നാറിലേക്ക് പുതിയ റോഡും വന്നു. പിന്നെയും പ്രദേശവാസികൾ ദീർഘകാലം ഈ റോഡ് ഉപയോഗിച്ചിരുന്നെങ്കിലും മെല്ലെ മെല്ലെ ഈ വഴിയുള്ള ഗതാഗതം വനം വകുപ്പ് പൂയംകുട്ടിയിൽ തടയുകയായിരുന്നു.


കോതമംഗലത്ത് നിന്ന് നേര്യമംഗലം അടിമാലി വഴി മൂന്നാറിലെത്താൻ 80 കിലോമീറ്റർ യാത്ര ചെയ്യണം. എന്നാൽ ഈ രാജപാത തുറന്നാൽ പിണ്ടിമേട്, കുഞ്ചിയാർ, മാങ്കുളം വഴി മൂന്നാറിലെത്താനുള്ള ദൂരം 60 കിലോമീറ്ററായി കുറയുമെന്നാണ് റോഡ് തുറക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ പക്ഷം. ലാഭം 20 കിലോമീറ്റർ. കാടിന് നടുവിലൂടെയുള്ള റോഡ് തുറന്നാലുള്ള വിനോദ സഞ്ചാര വികസനമാണ് മറ്റൊരു സാധ്യത. രാജപാത തുറക്കാന്‍ സാമ്പത്തികമടക്കം വെല്ലുവിളികള്‍ ഒരുപാടുണ്ട് സര്‍ക്കാരിന് മുന്നില്‍. വെല്ലുവിളികളെ മറികടക്കാനുളള നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രാദേശികമായി രാജപാത ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ന്നു വന്നിരിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.