
എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ 7.10ഓടെയാണ് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസിജി, എക്കോകാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.എആര്‍ റഹ്മാന്‍റെ ആരോഗ്യസ്ഥിതിയിൽ നിലവിൽ ആശങ്കവേണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് വക്താവ് അറിയിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ടു. നോമ്പ് കാരണമുള്ള നിർജലീകരണം എന്നാണ് ഡോക്ടർമാർ അറിയിച്ചത്. വൈകാതെ ആശുപത്രിയിൽ നിന്ന് മടങ്ങാൻ കഴിയുമെന്നും വക്താവ് അറിയിച്ചു.