
കോതമംഗലം നെല്ലിമറ്റത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ പെട്ടിക്കടയില്‍ ഇടിച്ചു കയറി കരിക്ക് കച്ചവടം നടത്തിവന്നിരുന്ന യുവതി മരിച്ചു. കോളനിപ്പടിയ്ൽ വാടകക്ക് താമസിക്കുന്ന കട്ടപ്പന സ്വദേശിനിയായ പനംതോട്ടത്തിൽ വീട്ടിൽ ശോഭ സുരേഷ് ( 31) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
നെല്ലിമറ്റം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന മഹീന്ദ്ര വെറിറ്റോ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ സ്ഥിതി ചെയ്തിരുന്ന കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയിലകപ്പെട്ട ശോഭയെ ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തി പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കാറില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഊന്നുകല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.