കൃഷിയിടത്തില്‍ കേഴമാന്‍റെ ജഡം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കുമളി ഫോറസ്റ്റ് റേഞ്ച് അധികൃതർക്കെതിരെ അന്വേഷണം തുടങ്ങി. കുമളി രണ്ടാം മൈലില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ജഡം കണ്ടെത്തിയത്. ഇക്കാര്യം സ്ഥലം ഉടമ കുമളി റേഞ്ച് അധികൃതരെ അറിയിച്ചെങ്കിലും കുഴിച്ചുമൂടാനായിരുന്നു നിർദേശം. വനമേഖലയില്‍നിന്ന് എത്തിയ കേഴമാന്‍റെ കഴുത്തിലുണ്ടായിരുന്ന മുറിവ് വേട്ടക്കാരുടെ കുരുക്ക് മൂലമാണെന്ന സംശയത്തെ തുടർന്ന് നടപടി ആവശ്യപ്പെട്ടാണ് സ്ഥലംഉടമ വനപാലകരെ വിളിച്ചത്.
എന്നാല്‍ വനപാലകർ കൈയൊഴിഞ്ഞതോടെ കേഴയുടെ ജഡം കൃഷിയിടത്തില്‍ കിടന്ന് ദുർഗന്ധം വമിക്കുന്ന നിലയിലായി. വനപാലകരുടെ അനാസ്ഥ 'മാധ്യമം' പുറത്തുവിട്ടതോടെ ഇടുക്കി ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഫ്ലൈയിങ് സ്ക്വാഡ് ഇടുക്കി റേഞ്ച് ഓഫിസർ റോയി വി. രാജൻ, വനപാലകരായ സജി തോമസ്, ഷിനോജ് മോൻ, ഗോകുല്‍ എന്നിവർ ശനിയാഴ്ച സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കേഴയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി പെരിയാർ കടുവ സങ്കേതത്തിലെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു. പ്രശ്നത്തില്‍ കുമളി റേഞ്ച് അധികൃതർ കാട്ടിയ അനാസ്ഥ സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നല്‍കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.