HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിക്കെതിരെ രണ്ട് കേസുകൾ കൂടി, വിവിധ ജില്ലകളിൽ തട്ടിപ്പിന് ഇരയായത് ഇരുന്നൂറുറോളം പേർ

സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ പിടിയിലായ ഹനീഫിനെതിരെ രണ്ട് കേസുകൂടി

സംസ്ഥാനത്തുടനീളം വിദേശ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ പിടിയിലായ ഹനീഫിനെതിരെ രണ്ട് കേസുകൂടി രജിസ്റ്റർ ചെയ്തു. മാന്നാർ സ്വദേശികളായ അജിത്ത്, രജിത എന്നിവരാണ് കേസിൽ അറസ്റ്റിലായ ഹനീഫിനെതിരെ മാന്നാർ പൊലീസിൽ പരാതി നൽകിയത്. ഇത് കൂടാതെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മണ്ണഞ്ചേരി, പട്ടണക്കാട്, മുഹമ്മ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലും സമാനമായ കേസിൽ പ്രതിക്കെതിരെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ഖത്തറിലെ എഎച്ച്റ്റി എന്ന കമ്പനിയിലേക്കും, ഷാർജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തുടനീളം പ്രതി തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും  സ്ത്രീകൾ ഉൾപ്പെടെ 200 ഓളം പേര്  തട്ടിപ്പിന് ഇരയായതായിട്ടാണ് അറിയുന്നത്. ഇത് കൂടാതെ കായംകുളം സ്വദേശികളായ വ്യാപാരികൾക്ക് അരി എത്തിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ഹനീഫിനെതിരെ കേസ് നിലവിലുണ്ട്. 


ആന്ധ്രാപ്രദേശിൽ നിന്നും ലോഡ് കണക്കിന് അരി എടുത്ത പണം നൽകാത്തത്തിനാൽ ആന്ധ്രാപ്രദേശ് കോടതി ഹനീഫിനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ആന്ധ്രാ പൊലീസ് മാന്നാറിൽ എത്തി മാന്നാർ പോലീസിന്‍റെ സഹായത്തോടെ ഹനീഫിനെ മുൻപ് പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ച് പണം നൽകി അവരെ മാന്നറിൽ നിന്ന് തിരിച്ചയക്കുകയും കേസിൽ നിന്ന് തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്ത ആളാണ് ഹനീഫ്. വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഹനീഫിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA