GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

കണ്ണൂരിലെ കൊലപാതകം; ‘കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്’; കൊലപാതകത്തിന് മുൻപ് പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

49കാരനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കൊലപാതകം നടത്തുമെന്ന് സൂചന നൽകി പ്രതി സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ചു കൊന്ന സംഭവത്തിൽ കൊലപാതകം നടത്തുമെന്ന് സൂചന നൽകി പ്രതി സന്തോഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തിരുന്നു. “കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.


കൊലപാതകം നടത്തിയ ശേഷവും പോസ്റ്റിട്ടു. കൊല നടത്തിയെന്ന് സൂചന നൽകുന്ന പോസ്റ്റാണ് പങ്കുവെച്ചത്. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ വെടിയുതിർത്തത്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. നേരത്തെ രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർ‌ക്കങ്ങൾ ഇരുവരും തമ്മിൽ നിലനിന്നിരുന്നു. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.


ഇന്ന് വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ച് നടന്ന തർക്കത്തിനൊടുവിൽ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ടാണ് സമീപവാസികൾ ഇവിടേക്ക് എത്തിയത്. തുടർ‍ന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതി പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


രാധാകൃഷ്ണന്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ സന്തോഷിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കിടയിലും നേരത്തെ തന്നെയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഈ വീടിനുള്ളില്‍ വച്ചുതന്നെയാണ് കൊല നടന്നത്. തോക്കിന് ലൈസൻസുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അതേസമയം കൊലയ്ക്ക് ഉപയോ​ഗിച്ച തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോ​ഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതക കാരണം അറിയാൻ കഴിയുമെന്നാണ് പൊലീസ് അറിയിക്കുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.