
വൃക്ക രോഗത്തെ മറി കടക്കാൻ ജീവിത ദുരിതങ്ങളോട് പടവെട്ടി അരൂർ സ്വദേശികളായ ദമ്പതികൾ. പ്രണയിച്ച് വിവാഹിതരായ അനുവും സന്ദീപും ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ 38 കാരനായ സന്ദീപിന്റെ ഇരു വൃക്കകളും തകരാറിലാണ്. ഉടനെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിൽ മാത്രമേ കുടുംബത്തിന് മുന്നോട്ട് പോകാനാകൂ. ഒരുമിച്ച് ജീവിതം തുടങ്ങി ഏറെ നാൾ കഴിയും മുമ്പാണ് സന്ദീപിന്‍റേയും അനുവിന്‍റെയും ജീവിതത്തിൽ വില്ലനായി വൃക്ക രോഗമെത്തുന്നത്.
പതിനഞ്ചു വർഷം മുമ്പ് അനുവിനെ കൈപിടിച്ച് ജീവിതത്തോട് ചേർത്തപ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു സന്ദീപിന്. പ്രതിസന്ധികളെ മറികടന്ന കരുത്തും പ്രണയവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സന്ദീപിനെ വൃക്കരോഗം കീഴടക്കുന്നത്. രണ്ടു വൃക്കകളും തകരാറിലായി. ജീവൻ പിടിച്ചുനിർത്താൻ കഴിഞ്ഞ ഡിസംബർ മുതൽ, ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടക്കുകയാണ്.
ശാശ്വതപരിഹാരം വൃക്കമാറ്റിവയ്ക്കലെന്നറിഞ്ഞതോടെ, ജീവന്‍റെ പാതിയായ അനു വൃക്കകളിലൊന്ന് സന്ദീപിന് പകുത്തുനൽകാൻ തയ്യാറായി. എന്നാൽ അവിടെയും പ്രതിസന്ധി രൂപപ്പെട്ടു. അവസാനത്തെ സ്കാനിംഗിൽ അനുവിന്‍റെ വൃക്ക സന്ദീപിന് യോജിച്ചതല്ലെന്ന് കണ്ടെത്തി. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല, എല്ലാ പ്രതീക്ഷകളും അവസാനിച്ച പോലെയാണ്. ഉളളുപിടയുന്ന വേദന കടിച്ചമർത്തി സന്ദീപ് പറയുന്നു.
പുതിയ ദാതാവിനെ കണ്ടെത്തിയാൽ ജീവിതം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. എന്നാലും പ്രശ്നമവസാനിക്കുന്നില്ല. ശസ്ത്രക്കിയക്കും തുടർചികിത്സയ്ക്കും വേണ്ട പണം കണ്ടെത്തണം. ശസ്ത്രക്രിയയ്ക്ക് മാത്രം വേണ്ടത് പതിനഞ്ച് ലക്ഷം രൂപയാണ്. വൃക്കമാറ്റിവച്ചാൽ ചുരുങ്ങിയത് ഒരുവർഷക്കാലം വിശ്രമം വേണം. ജ്വല്ലറിയിൽ സെയിൽസ്മാനായ സന്ദീപ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. സന്ദീപിനെ പരിചരിക്കാൻ അനുവും ജോലിയുപേക്ഷിച്ചു. അന്നത്തെ ചെലവിനുളള വക കണ്ടെത്തുക പോലും വലിയ ചോദ്യമാണ് ഇരുവർക്കും.
പ്രണയവിവാഹമായതിനാൽ അനുവിന്‍റെ വീട്ടുകാർ ഇപ്പോഴും ഇവരുമായി അടുപ്പത്തിലല്ല. ആകേയുളള കൈത്താങ്ങ് ചങ്ക് പറിച്ചു നൽകുന്ന കൂട്ടുകാർ മാത്രമാണ്. പക്ഷേ ചികിത്സാച്ചെലവിനുമുൾപ്പെടെുളള ഭാരിച്ചതുക ഇവരുടെ കഴിവിന്‍റെ പരിധിക്ക് പുറത്താണ്. സന്ദീപിനും അനുവിനും മുറിഞ്ഞുപോയ സ്വപ്നങ്ങൾ തുന്നിച്ചേർക്കണം. അതിന് വേണ്ടത് സുമനസ്സുകളുടെ സഹായമാണ്.
അനുവിനെയും സന്ദീപിനേയും സഹായിക്കാം
![]() |
അനുവിനെയും സന്ദീപിനേയും സഹായിക്കാം |