
വീണ്ടും വിവാദ പരാമർശവുമായി മുൻ എംഎൽഎ പി സി ജോർജ്. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
'മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളിൽ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാർ അവരുടെ കുടുംബത്തിൽ അവരുടെ ഭാര്യയും മക്കളുമായി ചർച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക', അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെവയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണത്.
ഇത് പറയുമ്പോൾ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം. അപ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.