
കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകി വനംവകുപ്പ്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് .നിലമ്പൂർ സൗത്ത് ഡി എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി.
ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദ്യശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു. വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തി. മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടുവെന്നായിരുന്നു പ്രചാരണം.
കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ജെറിന്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമെല്ലാം പച്ചക്കള്ളമാണെന്ന് വനംവകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. കടുവയുടെ സമീപത്തുനിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്.
യുവാവിന്‍റെ കള്ളം പൊളിഞ്ഞത് വനംവകുപ്പിന്‍റെ പരിശോധനയിൽ
മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ ആണ് യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് വനംവകുപ്പ് കണ്ടെത്തി. മാധ്യമങ്ങളോട് അടക്കം യുവാവ് പറഞ്ഞത് കള്ളമാണെന്നും വനംവകുപ്പ് പറഞ്ഞു. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനിൽ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.