GOODWILL HYPERMART

 

pope francis

സിനിമ കഥകളെ വെല്ലുന്ന ട്വിസ്റ്റ്; 18 മാസം മുമ്പ് കൊല്ലപ്പെട്ടെന്ന് സംശയിച്ച യുവതി അപ്രതീക്ഷിതമായി വീട്ടിലെത്തി

18 മാസം മുമ്പ് കൊല്ലപ്പെട്ടെന്ന് സംശയിച്ച യുവതി അപ്രതീക്ഷിതമായി വീട്ടിലെത്തി

സിനിമ കഥകളിലൊക്കെ മാത്രം കേട്ടിട്ടുള്ളതു പോലുള്ള ഒരു ട്വിസ്റ്റാണ് മദ്ധ്യപ്പദേശിലെ മന്ത്സൗർ സ്വദേശിയായ ഒരു യുവതിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. 2023ൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്, മൃതദേഹം ഉൾപ്പെടെ കണ്ടെത്തി സംസ്കാര ചടങ്ങുകളും നടത്തിക്കഴിഞ്ഞ 35കാരിയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും അമ്പരന്നപ്പോൾ ഈ യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇപ്പോഴും ജയലിൽ കഴിയുന്ന നാല് പേരുടെ ഭാവി എങ്ങനെയെന്ന കാര്യത്തിലാണ് പൊലീസിന്റെ ആശങ്കകൾ.


ലളിത ബായ് എന്ന യുവതി വീട്ടിലെത്തിയതിന് പിന്നാലെ അച്ഛൻ അടുത്തുള്ള ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരം അറിയിച്ചു. സംഭവം പൊലീസ് സ്റ്റേഷൻ മേധാവി തരുണ ഭരദ്വാജ് സ്ഥിരീകരിച്ചു. യുവതി സ്വന്തം നിലയ്കക് തന്നെ വീട്ടിലെത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ 2023ൽ കാണാതായ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൊലീസ് ഇവരെ ചോദ്യം ചെയ്തു. യുവതി പറയുന്നതനുസരിച്ച് ഷാരൂഖ് എന്നൊരാൾ തന്നെ ഭാൻപുര എന്ന സ്ഥലത്ത് കൊണ്ടുപോയ ശേഷം അഞ്ച് ലക്ഷം രൂപ നൽകി ഒരാൾക്ക് വിറ്റു. ഇയാൾ യുവതിയെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയി. അവിടെയാണ് 18 മാസം ജീവിച്ചത്. ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടാൻ അവസരം കിട്ടിയപ്പോൾ നാട്ടിലെത്തുകയായിരുന്നു. മൊബൈൽ ഫോൺ കൈവശം ഇല്ലാതിരുന്നതിനാൽ വീട്ടുകാരെ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. രണ്ട് കുട്ടികളുടെ മാതാവായ യുവതി തന്റെ ആധാർ കാർഡും വോട്ടർ ഐഡിയും തെളിവിനായി പൊലീസിന് സമർപ്പിക്കുകയും ചെയ്തു.


യുവതിയെ കാണാതായതിന് പിന്നാലെ 2023 സെപ്റ്റംബറിലാണ് ഒരു അജ്ഞാത യുവതി വാഹനം ഇടിച്ച് കൊല്ലപ്പെട്ടെന്നും ഇത് ലളിത ബായ് ആണോയെന്ന് തിരിച്ചറിയാൻ എത്താനും വീട്ടുകാരോട് ആവശ്യപ്പെട്ടത്. അച്ഛൻ സ്ഥലത്തെത്തി നോക്കിയപ്പോൾ തലയും മുഖവും പൂർണമായി തകർന്നിരുന്നു. ഒരു ടാറ്റൂവും കാലിൽ ധരിച്ചിരുന്ന കറുത്ത ചരടും  കണ്ട് മകളാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ മൃതദേഹം വീട്ടിലെത്തിച്ച് അന്ത്യ കർമങ്ങൾ നടത്തി. പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഇംറാൻ, ഷാരൂഖ്, സോനു, ഇജാസ് എന്നീ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവർ ഇപ്പോഴും വിചാരണ രാത്ത് ജയിലിലാണ്. 


യുവതി തിരിച്ചെത്തിയതോടെ തങ്ങളെ ഇനി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ യുവാക്കൾ കോടതിയിൽ അപേക്ഷ നൽകി. ഇതിന്മേൽ പൊലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. അതേസമയം തിരിച്ചെത്തിയത് കാണാതായ സ്ത്രീ തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.