HONESTY NEWS ADS

 HONESTY NEWS ADS


'അത് മദ്യമല്ല, ഹോമിയോ മരുന്ന്', സത്യം തെളിയിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷിബീഷ്

സത്യം തെളിയിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷിബീഷ്

മദ്യപിച്ചെന്നാരോപിച്ച് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി കെ ഷിബീഷ് തിരുവനന്തപുരം കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തി പരിശോധനയ്ക്ക് വിധേയനായി. കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശപ്രകാരമാണ് ഷിബീഷ് തലസ്ഥാനത്ത് എത്തിയത്. മെഡിക്കല്‍ ബോര്‍ഡിനും ഇ ഡി വിജിലന്‍സിന് മുന്നിലും ഷിബീഷ് ഹാജരായി. ഇതിന് ശേഷമാണ് ഡോക്ടറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മദ്യപിച്ചിരുന്നില്ലെന്നും ഹോമിയോ മരുന്ന് മാത്രമാണ് കഴിച്ചതെന്നും തെളിയിച്ചതായി ഷിബീഷ് പറഞ്ഞു.


മരുന്ന് കഴിക്കുന്നതിന് മുന്‍പും ശേഷവും പരിശോധന നടത്തിയെന്ന് ഷിബീഷ് പറഞ്ഞു. മരുന്ന് കഴിക്കാതെ ഊതിയപ്പോള്‍ റീഡിങ് കാണിച്ചില്ല. മരുന്ന് കഴിച്ച ശേഷം അഞ്ച് ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് കാണിച്ചു. മദ്യപിച്ചതു കൊണ്ടല്ല റീഡിങ് കാണിച്ചതെന്ന് ബോധ്യപ്പെട്ടുവെന്നും ഷിബീഷ് പറഞ്ഞു. ഈ സംഭവത്തിന് ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും താന്‍ കുടിയനാണെന്ന് തെറ്റിദ്ധരിച്ചു. എന്നാണ് കുടി തുടങ്ങിയതെന്ന് അച്ഛന്‍ വരെ ചോദിച്ചു. തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷിബീഷ് പറഞ്ഞു.


ബുധനാഴ്ചയായിരുന്നു സംഭവം. കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു കോഴിക്കോട് ഡിപ്പോ ഡ്രൈവറും മലയമ്മ സ്വദേശിയുമായ ഷിബീഷ്. ബ്രീത്ത് അനലൈസര്‍ വഴിയുള്ള പരിശോധനയ്ക്കിടെ ഒന്‍പത് പോയിന്റ് റീഡിങ് കണ്ടു. ഇതോടെ ഷിബീഷ് മദ്യപിച്ചതായി ആരോപണം ഉയര്‍ന്നു. പിന്നാലെ അന്നേ ദിവസം ഷിബീഷ് ഡ്യൂട്ടിക്ക് കയറേണ്ടതില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഷിബീഷ് അന്ന് വിശദീകരിച്ചത്. താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും അന്നേ ദിവസം ഹോമിയോ മരുന്ന് കഴിച്ചതായും ഷിബീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷിബീഷ് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തി പരിശോധനയ്ക്ക് വിധേയനായത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS