
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് നന്ദി പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. 'താങ്ക്യൂ മീഡിയ താങ്ക്‌സ് എ ലോട്ട്' എന്ന പരിഹാസരൂപേണയുള്ള മറുപടിയായിരുന്നു ശ്രീനാഥ് ഭാസി നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ശ്രീനാഥ് ഭാസി പ്രതികരിച്ചില്ല. മോഡല്‍ സൗമ്യയേയും കേസിലെ മുഖ്യപ്രതി തസ്‌ലീമ സുല്‍ത്താനയേയും അറിയുമോ എന്ന ചോദ്യത്തിനും നടന്‍ പ്രതികരണമൊന്നും നല്‍കിയില്ല.
ചോദ്യം ചെയ്യലിനെ കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോയും പ്രതികരിച്ചില്ല. ചോദ്യം ചെയ്യലിന് ശേഷം ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ഷൈന്‍ ലഹരി അടിമയാണെന്ന് എക്‌സൈസ് വ്യക്തമാക്കി. മറ്റേത് അസുഖം വന്നാലും ചികിത്സിക്കേണ്ടത് പോലെ ഇതിനും ചികിത്സ ആവശ്യമാണെന്നും എക്‌സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയെന്നും എക്‌സൈസ് പറഞ്ഞു.
ഷൈന്‍ ആവശ്യപ്പെട്ടിട്ടാണ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാര്‍ട്ട് സെന്ററിലേക്കാണ് ഷൈനിനെ മാറ്റിയത്. ബന്ധുക്കളോട് കൂടിയാലോചിച്ചായിരുന്നു തീരുമാനം. എക്‌സൈസിന്റെ നിരീക്ഷണത്തിലായിരിക്കും ഷൈന്‍ ഉണ്ടാവുക. സ്വയം സന്നദ്ധനായി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ എന്‍ഡിപിഎസ് കേസില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.
ഇരു നടന്മാരും ലഹരി ഉപയോഗിക്കുന്നവരാണെന്നും കേസിന്റെ മെറിറ്റിനെ ബാധിക്കുന്ന കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. നടന്മാരെ അടക്കം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും താരങ്ങള്‍ക്ക് പുറമേ നിരവധി ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാട് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ മോഡൽ സൌമ്യയെയും ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏകദേശം 12 മണിക്കൂറോളമാണ് മൂവരെയും ചോദ്യം ചെയ്തത്. തസ്ലീമയും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്നും യാതാരു ഇടപെടലുമുണ്ടായിട്ടില്ലെന്നും സൌമ്യ പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.