HONESTY NEWS ADS

 HONESTY NEWS ADS


കേരളത്തിലെ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ; 10 മണി മുതൽ 3 മണി വരെ ശ്രദ്ധിക്കുക

കേരളത്തിലെ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ; 10 മണി മുതൽ 3 മണി വരെ ശ്രദ്ധിക്കുക

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ സൂചനകൾ ശക്തമാണെങ്കിലും കൊടും ചൂടിന് ഇനിയും ശമനമുണ്ടായിട്ടില്ല. പൊള്ളുന്ന ചൂടിൽ വിയർത്തൊലിക്കുന്ന അവസ്ഥയിലാണ് കേരളം. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്. വിളപ്പിൽശാല, കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി, ധർമ്മടം, ഉദുമ തുടങ്ങിയ 14 ഇടങ്ങളിൽ യു വി ഇൻഡക്സ് 5 ന് മുകളിലാണ്. ഇതിൽ തന്നെ ചങ്ങനാശ്ശേരിയിലും പൊന്നാനിയിലും യു വി ഇൻഡക്സ് 10 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


ഉയർന്ന അൾട്രാവയലറ്റ് സൂചിക സംബന്ധിച്ച മുന്നറിയിപ്പ്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. 


പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവേ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS