
ഇടുക്കി ഏലപ്പാറയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ പതിനൊന്നാം തീയതിയാണ് തണ്ണിക്കാനം സ്വദേശി ഷക്കീർ ഹുസൈനെ ഏലപ്പാറ ടൗണിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ആറേ മുക്കാലോടെയാണ് ഷക്കീറിൻറെ കാർ വാഗമൺ റോഡിലെ കടക്കു മുന്നിൽ പാർക്കു ചെയ്തത്. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ ഷക്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹോദരനാണ് വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ കണ്ടത്. തുറന്നു നോക്കിയപ്പോൾ ഷക്കീറിനെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ രക്തക്കറയുള്ളതും ഷക്കിറിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതുമാണ് കുടുംബത്തിൻറെ സംശയത്തിന് കാരണമായത്.
കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുണ്ട്. ഇടത്തേ കൈ ഒടിഞ്ഞ നിലയിലാണ്. വയറിന് അടിഭാഗത്തെല്ലാം ഇടിച്ച് കലക്കിയ നിലയിലാണ് എന്നും കുടുംബം വിശദമാക്കുന്നത്. ഷക്കീറിന്റെ വാഹനം ഓടിച്ചിരുന്ന പ്രവീണുമായി സുഹൃത് ബന്ധം ഷക്കീർ അവസാനിപ്പിച്ചിരുന്നതായതും ഷക്കീറിന്റെ ഭാര്യ ഷെമീന പറയുന്നത്. ശ്വാസതടസ്സത്തെ തുടർന്നാണ് ഷക്കീർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.
ഛർദ്ദിച്ചപ്പോൾ ആഹാരത്തിൻറെ അവശിഷ്ടം ശ്വാസനാളത്തിൽ കുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ സുഹൃത്തിക്കൾക്കൊപ്പം സംഘം ചേർന്നു മദ്യപിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നുണ്ട്. വെള്ളിയാഴ്ച വാഗമൺ പാലൊഴുകുംപാറയിൽ വച്ച് ഷക്കീറിന് മർദനമേറ്റിരുന്നു. ഈ രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഞ്ചാവ് കൈവശം വെച്ചതിന് ഷക്കിറിനെ മുൻപ് എക്സൈസ് പിടികൂടിയിട്ടുണ്ട്.