
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്തനടപടികള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാകിസ്താനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (FATF) ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃതപണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാകിസ്താന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്തും. 2018ജൂണ്‍ മുതല്‍ പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. 2022ല്‍ ഒക്ടോബറില്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. പകിസ്താനില്‍ നിന്ന് അനധികൃതമായ പണമൊഴുക്ക് തടയാന്‍ പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്ക് അനധികൃതമായി പണമൊഴുകുന്നത് തടയാന്‍ നടപടി സഹായിച്ചു.
എന്നാല്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് FATFലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് തീരുമാനമെടുക്കുക.ഫെബ്രുവരി ജൂണ്‍ ഒക്ടോബര്‍ മാസങ്ങളിലാണ് പ്ലീനറി ചേരുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉള്‍പ്പെടെ 40അംഗങ്ങളുണ്ട്. ഇതില്‍ യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, യൂറോപ്യന്‍ കമ്മീഷന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളില്‍ നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
അന്താരാഷ്ട്രനാണ്യനിധിയില്‍ നിന്ന് സാമ്പത്തികസഹായം നല്‍കുന്നതില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചേക്കും. 2024 ജൂലൈയില്‍ തുടങ്ങിയ 7 ബില്യണ്‍ ഡോളര്‍ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും. മൂന്ന് വര്‍ഷമാണ് സഹായ പാക്കേജിന്റെ കാലാവധി. ഈ ഫണ്ട് ഭീകരാക്രമണത്തിനും അക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. നിലവിലെ സാമ്പത്തികസാഹചര്യങ്ങളില്‍ ഈ രണ്ടുനടപടികളും പാകിസ്താന് ശക്തമായ തിരിച്ചടിയാകും എന്നത് ഉറപ്പാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.