
ഇടുക്കിയുടെ കുടിയേറ്റ ചരിത്രം വരച്ചുകാട്ടുന്ന ടൂറിസം വില്ലേജ് സന്ദർശകർക്ക് തുറന്ന് നൽകി. ഇടുക്കി ഡാമിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലത്താണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടൂറിസം വില്ലേജ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ഏറ്റവുമധികം സഞ്ചാരികളെത്തിയത് ഇടുക്കിയിലാണെന്ന് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഒരു നാട് പരുവപ്പെട്ടതിന്‍റെ ഓർമ്മകൾ കൂടിയാണിത്. കുടിയേറ്റ കാലത്തിന് സാക്ഷ്യം വഹിച്ച തലമുറയെയും കാലഘട്ടത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടാനുള്ള അവസരവും. അതാണ് ഇടുക്കിയുടെ കഥപറയുന്ന പൈതൃക മ്യൂസിയം. ഇടുക്കി ആർച്ച് ഡാമിന്‍റെ പശ്ചാത്തലത്തിലാണ് ടൂറിസം വില്ലേജ്. പത്തുകോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് ടൂറിസം വകുപ്പ് യാഥാര്‍ത്ഥ്യമാക്കിയത്.
മൂന്ന് കോടി രൂപ മുടക്കി ആദ്യഘട്ടം പൂർത്തിയാക്കി. ഇടുക്കിയുടെ ആദ്യകാലത്തെ സമര നായകന്മാരിൽ പ്രധാനിയായ എകെജി, ഫാ. വടക്കൻ എന്നിവരുടെ ശിൽപ്പങ്ങൾക്കൊപ്പം പ്രകൃതി ദുരന്തത്തിന്റെയും മനുഷ്യ - മൃഗ സംഘർഷങ്ങളുടെ മാതൃകകളും ഇവെ ആവിഷ്കരിച്ചിട്ടുണ്ട്. കുടിയേറ്റ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി രൂപപ്പെടുത്തിയതാണ് ഇന്നത്തെ ഇടുക്കിയെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്.
വിനോദ സഞ്ചാരികൾക്കൊപ്പം ചരിത്രാന്വേഷികള്‍ക്കും ടൂറിസം വില്ലേജ് ഗുണകരമാകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന ഏഴ് ടൂറിസം കേന്ദ്രങ്ങളിൽ സെൽഫി പോയിന്‍റുകളും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.