
ചേലച്ചുവട് ബസ് സ്റ്റാന്‍ഡിലേക്ക് സൈറന്‍ മുഴക്കി ചീറിപ്പാഞ്ഞെത്തുന്ന ആംബുലന്‍സുകള്‍, ഫയര്‍ എഞ്ചിന്‍. രക്ഷാ പ്രവര്‍ത്തിന് സര്‍വ്വ സജ്ജമായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, മെഡിക്കല്‍ ടീം, പോലീസ്, ജനപ്രതിനിധികള്‍; ആദ്യം പൊതുജനങ്ങളില്‍ ആശങ്കയും അമ്പരപ്പുമാണുണ്ടായത്. അടിയന്തര സാഹചര്യം നേരിടുന്നതിന് പര്യാപ്തരാക്കുന്ന മോക്ക് ഡ്രില്‍ ആണെന്ന അനൗണ്‍സ്‌മെന്റ് വന്നതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. പൊതുജനങ്ങളും ബസ് കാത്തുനിന്നവരും മോക്ക് ഡ്രില്ലിന്റെ ഭാഗമായി, രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമായി.
ചേലച്ചുവട് ടൗണിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. അസംബ്ലി പോയിന്‍റ് ചേലച്ചുവട് ബസ് സ്റ്റാന്‍ഡ് പരിസരവും, ദുരന്തബാധിത മേഖല ചേലച്ചുവട് ലൈബ്രറി ഹാള്‍ പ്രദേശവും, ഷെല്‍ട്ടര്‍ ക്യാമ്പ് ചുരുളി സെന്റ് തോമസ് ചര്‍ച്ച് പാരിഷ് ഹാളുമായിരുന്നു. ദുരന്ത ബാധിത പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തി ദുരന്ത ബാധിതരെ ഷെല്‍ട്ടര്‍ ക്യാമ്പിലും, പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതും, ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൻ്റെ ഭാഗമായിരുന്നു.
അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുകയെന്ന സന്ദേശം നല്‍കി കിലയുടെ ആഭിമുഖ്യത്തില്‍ ഫയര്‍ ആൻ്റ് റസ്‌ക്യു, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
വണ്ണപ്പുറം, വെള്ളിയാമറ്റം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, ആലക്കോട്, കുടയത്തൂര്‍, അറക്കുളം, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, ഇടുക്കി - കഞ്ഞിക്കുഴി എന്നീ 11 ഗ്രാമ പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതല ഉരുള്‍പൊട്ടല്‍ പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം ചേലച്ചുവട് ടൗണില്‍ രാവിലെ 11 മണിയോടെ നടത്തിയത്. ദുരന്ത പ്രതികരണ സമയത്ത് എല്ലാ വകുപ്പുകള്‍ക്കും, പൊതു സമൂഹത്തിനും അവബോധം നല്‍കുക, ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നിവ സംബന്ധിച്ച പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചുരുളി സെന്റ് തോമസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി തഹസില്‍ദാര്‍ റാം ബിനോയി അധ്യക്ഷനായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിയാസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം സോയിമോന്‍, കില ഡയറക്ടര്‍ പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍,രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ മോക്ക് ഡ്രല്ലില്‍ പങ്കെടുത്തു.