
മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂലിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ. നാഗർകോവിൽ വട്ടവിള സ്വദേശി രാജനെ (40) കൊലപ്പെടുത്തിയ കേസിലാണ് വട്ടവള കാമരാജ് തെരുവ് സ്വദേശി മുകേഷ് (27), ജിനു (20), വല്ലൻകുമാരവിള സ്വദേശി പഴനികുമാർ (35) എന്നിവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 25ന് രാജനെ വട്ടവിളയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ രാജൻ മരിച്ചു.
പൊലീസിന് നൽകിയ മൊഴിയിൽ മതിലിൽ നിന്ന് താഴെ വീണെന്നാണ് രാജൻ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ മരണപ്പെട്ടെങ്കിലും ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടർക്ക് സംശയം തോന്നി. ഡോക്ടറുടെ സംശയം മുഖവിലക്കെടുത്ത് പൊലീസ് നടത്തി അന്വേഷണത്തിലാണ് രാജന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവദിവസം രാത്രി രാജനും, പ്രതികളുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രതികൾ ചേർന്ന് രാജനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്ര രാജനെ ഉപേക്ഷിച്ച് ഇവർ സ്ഥലം വിട്ടു. കൊട്ടാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.