കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.
എന്താണ് നിപ വൈറസ് ?
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ പകരുന്ന വഴികൾ...
1. പഴം തീനി വവ്വാലുകളാണ് രോഗവാഹകർ. വവ്വാലുകൾ കഴിച്ച പഴങ്ങൾ കഴിക്കുന്നത് വഴി രോഗം മനുഷ്യരിലേക്ക് എത്തുന്നു.
2. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്ക്.
3. മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ട്.
4. സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗപ്പകർച്ച ഉണ്ടാകും.
5. വായുവിലൂടെ പകരുന്നതിന് വ്യക്തമായ സ്ഥിരീകരണം ഇല്ല.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
1. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
2. മാസ്ക് പരമാവധി ഉപയോഗിക്കുന്നതാണ് നല്ലത്. എന്‍-95 മാസ്‌കുകളാകും കൂടുതല്‍ നല്ലത്.
3. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
4. രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. 20 സെക്കന്റെങ്കിലും ഇത്തരത്തില്‍ കൈകള്‍ കഴുകുക.
5. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
6. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
7. രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
8. ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.