
ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. മെയ് 7 ന്, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. പിന്നാലെ ഇന്ത്യയും പാകിസ്താനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. മെയ് 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.
എന്നാൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേൽ ഇന്ത്യ നയതന്ത്ര ഉപരോധം ഏർപ്പെടുത്തുകയും സിന്ധുനദീ ജല കരാർ മരവിപ്പിക്കുകയും ചെയ്തിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്താൻ അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങൾ പാകിസ്താൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള ചർച്ചകൾ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ പക്കൽ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം. അതു ചെയ്താൽ മാത്രമാണ് ചർച്ചയുള്ളൂ. തീവ്രവാദത്തിൽ എന്തുചെയ്യണമെന്ന് പാകിസ്താനുമായി ചർച്ച ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.