
തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂ. ജി സുധാകരന്‍ താമസം വീട്ടില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാകളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജടതു സ്ഥാനാര്‍ഥിയായി കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ജി സുധാകരന്‍ ആയിരുന്നു. അന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്ന് വിജയിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

