
കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് ലഭിച്ചെങ്കിലും കല്യാണിയുടെ മരണം അവശേഷിപ്പിക്കുന്നത് വലിയ നോവും നിരവധി ചോദ്യങ്ങളും. മാനസിക പ്രശ്‌നം കൊണ്ട് തന്നെയാണോ മാതാവ് സ്വന്തം കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്നും യുവതിയെ ചോദ്യം ചെയ്യുന്നത് തുടരും. കുടുംബ പ്രശ്‌നങ്ങള്‍ കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന മൊഴിയിലും പൊലീസ് വ്യക്തത വരുത്തും. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റിയേക്കുമെന്നാണ് വിവരം. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റ് നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കും.
മാനസിക പ്രശ്‌നങ്ങള്‍ കൊണ്ട് നടത്തിയ കൃത്യമെന്ന് പറയുമ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കൃത്യം ചെയ്തത്. കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. വഴിയിലെ സിസിടിവി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ ഉള്‍പ്പെടെ സാക്ഷിമൊഴികളും കുട്ടിയെ കണ്ടെത്തലില്‍ നിര്‍ണായകമായി.
തിരുവാങ്കുളത്തുനിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. കുഞ്ഞ് എവിടെപ്പോയെന്ന് തനിക്ക് അറിയില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു. പിന്നീട് ഇവര്‍ പരസ്പര വിരുദ്ധമായ പല കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. ശേഷമാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് ഇവര്‍ സമ്മതിച്ചത്.
മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.
തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു പറഞ്ഞു.
കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികളും പറയുന്നു. വഴക്കിന് ശേഷം രണ്ട് മാസത്തോളം യുവതി സ്വന്തം വീട്ടില്‍പ്പോയി നിന്നു. മാനസിക പ്രശ്‌നത്തിന്റെ ചില ലക്ഷണങ്ങളും ഇവര്‍ കാണിച്ചതായി അയല്‍ക്കാര്‍ പറഞ്ഞു. കനത്ത മഴ ആദ്യഘട്ടത്തില്‍ പുഴയിലെ തിരച്ചിലിന് തടസമായിരുന്നുവെങ്കിലും പിന്നീട് പുഴയിലെ ഒഴുക്ക് കുറഞ്ഞത് അനുകൂലഘടകമായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.