
അനധികൃതമായി പണവും സ്വർണവും അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. പാലക്കാട് വേലന്താവളത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പണവും സ്വർണവുമാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്. പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണവും പണവും കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.