
കൂടുതൽ സഹായം എത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനകം ഗാസയിൽ 14,000 കുട്ടികൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഗാസയിലേക്ക് സഹായവുമായി എത്തിയ വാഹനങ്ങളെ 11 മാസം അതിർത്തിയിൽ തടഞ്ഞ ഇസ്രയേൽ നിലവിൽ പരിമിതമായ സഹായം മാത്രമേ പലസ്തീൻ ഭൂപ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. അത് തന്നെ അമേരിക്കയും കാനഡയും ഫ്രാൻസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന് ശേഷവും
കുട്ടികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിൽ പ്രവേശിച്ചതെന്നും ഇത് വിലക്കിന് ശേഷം കടലിലെ ഒരു തുള്ളി വെള്ളത്തോളം മാത്രം പര്യാപ്തമാണെന്നും യുഎൻ മാനുഷിക സഹായ വിഭാഗം മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. സഹായം ആവശ്യമുള്ള ജനങ്ങളിലേക്ക് ഇനിയും അത് എത്തിച്ചേരേണ്ടതുണ്ട്. അവശ്യ സാധനങ്ങൾ നമുക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾ ഗാസയിൽ മരിച്ചുവീഴും. പോഷകാഹാരക്കുറിവ് കാരണം കുട്ടികൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മമാർ. ഈ കുട്ടികൾക്ക് ബേബി ഫുഡ് എത്തിക്കാൻ എല്ലാ വെല്ലുവിളികളും നേരിട്ടുകൊണ്ട് ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ മാനുഷിക സഹായങ്ങൾ നിഷേധിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണം. മാനുഷിക സഹായങ്ങൾ നിഷേധിക്കുന്നത് തുടർന്നാൽ സംയുക്ത നടപടിയിലേക്ക് കടക്കുമെന്നും ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യത്തെ നേതാക്കളെയും ഹമാസ് പണം നല്‍കി സ്വാധീനിച്ചു എന്ന പ്രതികരണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.