HONESTY NEWS ADS

കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക് 7 മണിക്കൂർ പിന്നിട്ടു, കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക് ഇളവ്

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് 7 മണിക്കൂർ പിന്നിട്ടു.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് 7 മണിക്കൂർ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്.


കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നഗരത്തിൽ ഏതാനും ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി ജീവനക്കാർ പ്രതികരിച്ചു. 


തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി.ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. നഗരത്തിൽ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. 


17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാ​ഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സം​ഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 2 മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസിൽനിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച് നടത്തും. 


പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ആശുപത്രി, പാൽ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഹാറിൽ ഇന്ന് നടക്കുന്ന പണിമുടക്ക് റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി മുഖ്യാതിഥിയാകും. തെരഞ്ഞെടുപ്പടുപ്പ് അടുക്കുന്ന ബിഹാറിൽ ഇത് പ്രതിപക്ഷ ഐക്യ പ്രഖ്യാപനമാക്കാനാണ് നീക്കം. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS