HONESTY NEWS ADS

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിഷേധക്കാർ, സംഘർഷം; ലാത്തി, ജലപീരങ്കി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു. 


ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോർജിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. 


കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ യുവമോർച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ സൂപ്രണ്ടിനെ ക്യാബിനുള്ളിൽ പ്രതിഷേധിച്ചു. യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശ്ശൂരിൽ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ആരോഗ്യമന്ത്രി രാജി വെക്കണാവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമം നടന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS