HONESTY NEWS ADS

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഇടുക്കി കളക്ടർ ഉൾപ്പെടെ നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് മാറ്റം

ഇടുക്കി കളക്ടർ ഉൾപ്പെടെ നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. നാലു ജില്ലാ കലക്ടര്‍മാര്‍ അടക്കം 25 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറെയും മാറ്റിയിട്ടുണ്ട്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി വിഘ്‌നേശ്വരി, പാലക്കാട് കലക്ടര്‍ ജി പ്രിയങ്ക, കോട്ടയം കലക്ടര്‍ ജോണ്‍ വി സാമുവല്‍ എന്നിവരെയാണ് മാറ്റിയത്. എറണാകുളം കലക്ടറായിരുന്ന എന്‍എസ്‌കെ ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കെഎഫ്‌സി മാനേജിങ് ഡയറക്ടറുടെ ചുമതലയും നല്‍കിയിട്ടുണ്ട്.


പാലക്കാട് കലക്ടറായിരുന്ന ജി പ്രിയങ്കയെ എറണാകുളം കലക്ടറായി മാറ്റിനിയമിച്ചു. പകരം ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം എസ് മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറായി നിയമിച്ചു. ഇടുക്കി കലക്ടറായിരുന്ന വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിയാണ് ഇടുക്കി കലക്ടര്‍. കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോണ്‍ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കലക്ടര്‍.


പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന എസ് ഷാനവാസാണ് പുതിയ തൊഴിൽ വകുപ്പ് സെക്രട്ടറി. തൊഴിൽവകുപ്പ് സെക്രട്ടറി കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി നിയമിച്ചിട്ടുണ്ട്.


തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ നിസാമുദ്ദീനാണ് കിലയുടെ പുതിയ ഡയറക്ടർ. രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിലെ അഡീഷണൽ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.


ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനൽ സെക്രട്ടറിയായും നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ്‌ റെക്കോഡ്‌സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കലക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കലക്ടർ മിസാൽ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കലക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.


ദേവികുളം സബ്കലക്ടറായിരുന്ന വി.എം. ജയകൃഷ്ണനാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എം ഡി. കോട്ടയം സബ്കലക്ടർ ഡി. രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കലക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കലക്ടർമാരായി നിയമിക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS