തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് തൊടുപുഴ ഉടുന്പന്നൂരിന് സമീപം പാറേക്കവലയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ശിവഘോഷ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കുറച്ച് നാളായി ഈ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശിവഘോഷിന്‍റെ അമ്മ ജോലിക്ക് പോയതിന് പിന്നാലെ മീനാക്ഷി വീട്ടിലെത്തിയതായാണ് വിവരം. ഉച്ചക്ക് 12 മണിയോടെ ബന്ധുവായ ആദർശ് ശിവഘോഷിനെ ഫോളിൽ വിളിച്ചു. പല തവണ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ ആദർശ് പാറക്കവലയിലെ വീട്ടിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ശിവഘോഷിനെ കണ്ടത്. ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നാട്ടുകാർ വീടിന് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയിൽ മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടത്.
യുവതിയെ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകളുണ്ട്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാണെന്നാണ് കേസ് അന്വേഷിക്കുന്ന കരിമണ്ണൂർ പൊലീസ് സംശയിക്കുന്നത്. ഇവര്‍ തമ്മില്‍ അടുത്തദിവസങ്ങളില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും വിവരം ലഭിച്ചു. ഇന്നലെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ കൊലപാതകം നടന്നു എന്നുമാണ് പൊലീസ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.