HONESTY NEWS ADS

ദളിതരെയൊ സ്ത്രീകളെയൊ അധിക്ഷേപിച്ചിട്ടില്ല; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല. ദളിതരെയോ സ്ത്രീകളേയോ അപമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് വിശദീകരണം. ഏതെങ്കിലും സമയത്ത് ഞാന്‍ ദളിതനെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ പരമാവധി ക്ഷമാപണം ചെയ്യാം. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല – അദ്ദേഹം പറഞ്ഞു.


ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. അറിവുകേട് കൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ ഒരു മനുഷ്യായുസ് കൊണ്ട് പഠിച്ചു ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു മുന്‍ പരിചയവുമില്ലാതെ ആദ്യമായി സിനിമ എടുക്കുന്നവര്‍ക്കാണ് ഗവണ്‍മെന്റ് ധനസഹായം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഒരു ഓറിയന്റേഷന്‍ കൊടുക്കണം. കവിതയും കഥയും എഴുതുന്നതിനൊക്കെ അക്ഷര ജ്ഞാനം വേണ്ടേ. അതുപോലെ തന്നെ സിനിമയും ഒരു ഭാഷയാണ്. നടീനടന്‍മാര്‍ വന്ന് അഭിനയിക്കുമ്പോള്‍ സിനിമ ആകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയാവില്ല. അതിന് സാങ്കേതികവും അല്ലാത്തതുമായ ഒരുപാട് ഘടകങ്ങളുണ്ട്. അതിനെപറ്റി നല്ല ധാരണയോടെ വേണം ആളുകള്‍ സിനിമ എടുക്കാന്‍ – അടൂര്‍ വിശദമാക്കി.


ഗവണ്‍മെന്റ് ഫിനാന്‍സ് ചെയ്യുന്ന സിനിമയ്ക്ക് സാമൂഹ്യ പ്രസക്തി വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗന്ദര്യശാസ്ത്രപരമായും സാങ്കേതികമായുമൊക്കെ മികവുള്ളതായിരിക്കണം. പടം എടുക്കുന്നയാള്‍ക്ക് ധാരണയുണ്ടെങ്കില്‍ മാത്രമേ ഇതൊക്കെയുണ്ടാവൂ. ഇത്തരത്തില്‍ വരുന്നവര്‍ ഒരു സിനിമയെടുത്ത് അപ്രത്യക്ഷമായി പോകരുത്. സിനിമ രംഗത്തേക്ക് വരാന്‍ അവര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണ.് സ്ത്രീകളും പട്ടികജാതി പട്ടിക വര്‍ഗ പഠിച്ച് ഈ രംഗത്ത് തുടരണം. അവരുടെ ഗുണത്തിനു വേണ്ടിയും നന്മയ്ക്ക് വേണ്ടിയുമാണ് പറഞ്ഞത്. അവരുടെ ഉന്നമനം എന്റെയും ലക്ഷ്യമാണ്. വേണ്ടത്ര രീതിയില്‍ പ്രോത്സാഹിപ്പിക്കണം. അവരെ അധിക്ഷിപിച്ചു എന്നൊക്കെ പറയുന്നതിന്റെ അര്‍ഥം എനിക്ക് മനസിലാകുന്നില്ല – അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS