
നാലാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവും രണ്ടാനമ്മയും ഒളിവിൽ. കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയുമാണ് ഒളിവിൽ പോയത്. കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ പിതാവിന്റെ വീട്ടിലേക്ക് മാറ്റി. പഠിക്കാൻ മിടുക്കിയായ സ്കൂൾ ലീഡർ ആയ നാലാം ക്ലാസുകാരി താൻ അനുഭവിച്ച വേദനകൾ നോട്ട് ബുക്കിൽ പകർത്തിയത് ആണിത്. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ പുറത്ത് വന്നത്.
പെൺകുട്ടി ജനിച്ച് ദിവസങ്ങൾക്കകം അമ്മ മരിച്ചിരുന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ കുട്ടിയുടെ പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. പിതാവിന്റെ വീട്ടിൽ ആയിരുന്ന കുടുംബം ഒന്നര വർഷം മുൻപാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇതിന് ശേഷമാണ് തനിക്ക് രണ്ടാനമ്മയിൽ നിന്നും പിതാവിൽ നിന്നും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കുട്ടി പറയുന്നത്. അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പോലിസ് കുട്ടിയുടെ പിതാവ് അൻസറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ വീട്ടിലേക്ക് മാറ്റി. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും.
നാലാം ക്ലാസുകാരി താൻ നേരിട്ട സങ്കടങ്ങളെ ബുക്കിൽ പകർത്തിവെച്ചതിങ്ങനെ: ‘’എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ് കേട്ടോ, എന്റെ വാപ്പയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഞാൻ ഒരു ദിവസം സ്കൂളിൽ പ്ലേറ്റ് മറന്നുവെച്ചപ്പോൾ ഞാൻ ഒരു പ്ലേറ്റ് ചോദിച്ചു. അപ്പോൾ ഉമ്മിയെന്റെ കരണത്തടിച്ചു. അനിയനും ഞാനും കൂടി കളിച്ചപ്പോൾ വഴക്കുണ്ടാക്കിയപ്പോഴും ഉമ്മി എന്നെ അടിച്ചു. വീട് വെച്ചിട്ട് രണ്ട് മാസമേ ആയുള്ളൂ. എപ്പോഴും എന്നെ പേടിപ്പിക്കും. ഞാൻ സെറ്റിയിൽ ഇരിക്കുമ്പോൾ ഇരിക്കരുതെന്ന് പറയും. ബാത്റൂമിൽ കയറുമ്പോൾ കയറരുതെന്ന് പറയും. ഫ്രിഡ്ജ് തുറക്കുമ്പോൾ തുറക്കരുതെന്ന് പറയും. അതുപോലെ എന്റെ അമ്മയെ കുറേ ചീത്തവിളിക്കും.''
ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് മകളെ മർദിച്ചത്. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.