
സംസ്ഥാനത്ത് വീണ്ടും അതി ശക്തമായ മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പും തൃശൂര്‍ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതുമടക്കമുള്ള വാർത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്. താരസംഘടനയായ അമ്മയിൽ മാറ്റത്തിന്‍റെ കൊടുങ്കാറ്റായി വനിതകൾ തലപ്പത്തെത്തിയെന്നതും പ്രധാന വാർത്തയായി. ശ്വേത പ്രസിഡന്‍റായപ്പോൾ കുക്കുവാണ് ജനറൽ സെക്രട്ടറി. രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ലഹരിയിലാണ് ഇന്ന്. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി മോദി നിരവധി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി. അതേസമയം രാഹുൽ ഗാന്ധിയും ഖർഗെയും പരിപാടിയിൽ നിന്ന് മാറിനിന്നതും വലിയ വാർത്തയായി. ഇതടക്കമുള്ള ഇന്നത്തെ പ്രധാന സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം...
1 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, തൃശൂരിൽ നാളെ അതി ശക്തമായ മഴക്ക് സാധ്യത, ജില്ലയിൽ വിദ്യാഭ്യാസ അവധി
സംസ്ഥാനത്ത് വീണ്ടും അതി ശക്തമായ മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ തൃശൂര്‍ ജില്ലിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.
2 അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്‍റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ
താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പുതിയ പ്രസിഡന്‍റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമ്മയുടെ ചരിത്രത്തിലാദ്യമായാണ് വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
3 `ജയിച്ചതിൽ സന്തോഷം, എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകും', ശ്വേത മേനോൻ
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ശ്വേത മേനോൻ രംഗത്തെത്തി. `ജയിച്ചതിൽ ഒരുപാട് സന്തോഷം. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ നിന്നും ആരും പിണങ്ങി നിന്നിട്ടില്ല, സംഘടനയിൽ നിന്ന് പോയവർക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണ്. '- ശ്വേത മേനോൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്നുപറഞ്ഞ് ഒറ്റക്കെട്ടായി പോകുമെന്നും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളുവെന്നും അവർ പറഞ്ഞു. കൂടുതൽ തീരുമാനങ്ങൾ ഇനി കൂടാനിരിക്കുന്ന എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ ആയിരിക്കും എടുക്കുന്നത്. വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കാര്യങ്ങളോന്നും നിസ്സാരമായി കാണാൻ പോകുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
4 സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ രാജ്യം, ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
രാജ്യം 79 -ാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനങ്ങളാണ് സ്വാതന്ത്ര്യ ദിനത്തിൽ നൽകിയത്. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
5 ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ രാഹുലും ഖർഗെയും; പാർട്ടി ആഘോഷങ്ങളിൽ സജീവം
ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുത്തില്ല. രാഹുൽ ഗാന്ധി ഡൽഹിയിലെ ഇന്ദിരാഭവനിലും മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇരുവരും ആഘോഷ പരിപാടിയിൽ നിന്നും വിട്ട് നിന്നതിനെ ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നടപടി നാണംകെട്ട പ്രവൃത്തിയാണെന്നും ഇരുവർക്കും സങ്കുചിത മനസാണെന്നും ബിജെപി കുറ്റപ്പെടുത്തി. നേതാക്കളുടെ അസാന്നിധ്യത്തിന് ഔദ്യോഗികമായി ഒരു വിശദീകരണവും കോൺഗ്രസ് നൽകിയിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷം ചെങ്കോട്ടയിലെ ഇരിപ്പിടക്രമത്തിൽ രാഹുൽ ഗാന്ധിക്കുണ്ടായ അതൃപ്തിയാണ് വിട്ട് നിൽക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
6 മഹാത്മാ ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ വിമര്‍ശനം ശക്തം
പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ. മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കർ വരുന്ന രീതിയിലുള്ള പോസ്റ്ററാണ് വിവാദനത്തിന് കാരണം. സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കം വിമര്‍ശനം ശക്തമാക്കുന്നുണ്ട്. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വകുപ്പ് കൈകാര്യ ചെയ്യുന്നവര്‍ മറുപടി പറയണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
7 ഗഗൻയാൻ ആദ്യ ദൗത്യം ഡിസംബറിലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ ഡോ. വി നാരായണൻ
ഗഗൻയാൻ ആദ്യ ദൗത്യം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ. 2025 ഡിസംബറില്‍ വ്യോംമിത്ര റോബോട്ടുമായി ഗഗൻയാൻ പേടകം ബഹിരാകാശത്തേക്കയക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തി. ഭാരതീയ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കാൻ ജോലി തുടങ്ങിക്കഴിഞ്ഞു. 2035 ഓടെ നിലയം കമ്മീഷൻ ചെയ്യുമെന്നും ഇസ്രൊ തലവന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ 2025ല്‍ ആകെ ലക്ഷ്യമിടുന്നത് 8 ദൗത്യങ്ങളെന്ന് ചെയർമാൻ ഡോ. വി നാരായണൻ സ്ഥിരീകരിച്ചു. ഇസ്രൊയുടെ അടുത്ത വിക്ഷേപണ ദൗത്യമേതെന്ന് വൈകാതെ പ്രഖ്യാപിക്കും. ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03യുടെ വിക്ഷേപണം ഉടൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
8 'കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയിൽ വിശ്രമ കേന്ദ്രം പോലെ'; സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ
സംസ്ഥാനത്ത് കൊടും കുറ്റവാളികൾക്ക് സംരക്ഷണം കിട്ടുന്നുവെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയിൽ വിശ്രമകേന്ദ്രം പോലെയാണെന്നും കാപ്പാ - പോക്സോ പ്രതികൾക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശനമുണ്ട്. പൊലീസുകാർ അമിതാധികാരം ഉപയോഗിക്കുന്നു. എഡിജിപി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.
9 വീണ്ടും ചൈനീസ് ഭരണകൂടത്തിൻ്റെ നിഗൂഢ നീക്കം; ഉന്നത സ്ഥാനത്തിരിക്കുന്ന വനിതാ നയതന്ത്ര നേതാവ് കസ്റ്റഡിയിൽ
ചൈനയുടെ സിങ്കപ്പൂരിലെ മുൻ അംബാസഡറും പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥയുമായ സുൻ ഹയാൻ കസ്റ്റഡിയിൽ. ഇവരെ ചൈനീസ് ഏജൻസികൾ ചോദ്യം ചെയ്യുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ലിയു ജിയാൻഷോ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഈ സംഭവം. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പിലെ ആദ്യ വനിതാ വൈസ് മിനിസ്റ്ററായിരുന്നു സുൻ ഹയാൻ. ലിയു ജിയാൻഷോയുമായി ബന്ധപ്പെട്ട കേസിലാണ് ഇവരും പിടിയിലായത് എന്നാണ് വിവരം.
10 ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ മെസിയുടെ ഏജന്‍റ് കൂടിയായ പിതാവ് ജോര്‍ജെ മെസിയുടെയും സംഘത്തിന്‍റെയും അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും ഈ മാസം 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മെസി തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ സന്ദർശിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിടുമെന്നും സതാദ്രു ദത്ത പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.