ഇടുക്കി അടിമാലിക്ക് സമീപം മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന് വിട നൽകി നാട്. മൃതദേഹം കുടുംബ വീട്ടില്‍ സംസ്കരിച്ചു. കുമ്പന്‍പാറയിലെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ബിജുവിൻ്റെ ഭാര്യ സന്ധ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യയുടെ ഇടത് കാലിന് ഗുരുതര പരിക്കുണ്ട്. കാൽ മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞെന്നും രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നു.
അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിൻ്റെ കുടുംബപശ്ചാത്തലം അതിദാരുണമെന്ന് ബന്ധുക്കൾ പറഞ്ഞു. ബിജുവിൻ്റെ മകൻ ഒരു വർഷം മുമ്പാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഈ വേദനകളിൽ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം കൂടി എത്തുന്നത്.
ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബിജുവിൻ്റെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്പ് മരിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ദമ്പതികളായ ബിജുവും സന്ധ്യയും അപകടത്തിൽ പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ബിജുവിൻ്റെ മകൾ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


