വര്‍ണ്ണോത്സവം - 2025; ഇടുക്കിയിൽ ശിശുദിന കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 25 ന്

ഇടുക്കി: ശിശുദിന ജില്ലാതല ആഘോഷം നവംബര്‍ 14ന് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിന ജില്ലാതല ആഘോഷം നവംബര്‍ 14ന് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 'വര്‍ണ്ണോത്സവം - 2025' എന്ന പേരിലുള്ള ശിശുദിന കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 25 ന് നടക്കും. പ്രസംഗ മത്സരം-മലയാളം (5 മിനിറ്റ്),പദ്യ പാരായണം-മലയാളം (5 മിനിറ്റ്),ലളിത സംഗീതം (5 മിനിറ്റ്),ദേശഭക്തിഗാനം (5 മിനിറ്റ്), ഉപന്യാസ രചന-മലയാളം (40 മിനിറ്റ്),കഥാ രചന-മലയാളം (40 മിനിറ്റ്), കവിതാ രചന-മലയാളം (40 മിനിറ്റ്) എന്നിവയാണ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. 


ജില്ലാതല എല്‍.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരങ്ങളിലെ വിജയികളെയാണ് നവംബര്‍ 14-ലെ കുട്ടികളുടെ പൊതുസമ്മേളനത്തിലും റാലിയിലും നേതൃത്വം നല്‍കാനുള്ള കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കുന്നത്. എല്‍.പി. വിഭാഗത്തില്‍ നിന്നും കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗിക/ പ്രാസംഗികന്‍, നന്ദി പ്രാസംഗിക / പ്രാസംഗികന്‍ എന്നിവരെയും യു.പി. വിഭാഗത്തില്‍ നിന്ന് കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കര്‍ / മുഖ്യ പ്രാസംഗികന്‍ എന്നിവരെയും തിരഞ്ഞെടുക്കും. എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗം വിദ്യാര്‍ഥികള്‍ക്കും മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ ക്ലാസും സ്‌കൂളും സഹിതം പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കണം.


ഗ്രൂപ്പ് ഇനങ്ങളില്‍ പരമാവധി 7 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മത്സരങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം ജില്ലാ ശിശുക്ഷേമ സമിതിക്കായിരിക്കും. ജില്ലാതല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് നവംബര്‍ 14-ന്റെ ശിശുദിന റാലിയില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447813559



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS