
ഇടുക്കി സേനാപതിയില്‍ ഏലം ഡ്രയര്‍ നടത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് നേതാക്കൾ ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. സേനാപതി ബാങ്ക് പ്രസിഡന്റ് ബിനോയ് വേമ്പേനിയിലടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബാങ്ക് ബോര്‍ഡ് അംഗവുമായ ബെന്നിയെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. പരിക്കേറ്റ ബെന്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
സേനപാതിയിലെ ഏലം ഡ്രയര്‍ സ്ഥാപനത്തില്‍ വച്ച് ഞായറാഴ്ചയായിരുന്നു സംഘര്‍ഷമുണ്ടായത്. സേനാപതി സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏലം ഡ്രയറിന്റെ പേരില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. സംഘര്‍ഷത്തില്‍ ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

