
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിവേഗം ശക്തി പ്രാപിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോട മോൻത ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കും. ഒഡിഷ, ആന്ധ്ര തീരത്ത് ഒക്ടോബർ 28ന് കര തൊടും. 110 കിലോമീറ്റർ വരെ വേഗതയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീര പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും.
ഒഡീഷ തീരത്തു നിന്ന് നിലവിൽ 900 കിലോമീറ്റർ അകലെയാണ് ന്യൂനമർദമുള്ളത്. നാളെ മുതൽ ആന്ധ്രയിലെ റായലസീമ പ്രദേശത്തും തീരദേശത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 28ന് വൈകുന്നേരമോ രാത്രിയോ ആന്ധ്രയുടെ തീരപ്രദേശമായ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്.
ഒഡീഷയിലെ ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കാൻഗിരി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ ഒക്ടോബർ 28, 29 തീയതികളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60–70 കിലോമീറ്ററായി വർദ്ധിക്കും. ചില ജില്ലകളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. അതിനാൽ അതീവ ജാഗ്രതയിലാണ് ഒഡിഷ. തമിഴ്‌നാട്ടിൽ മിക്ക സ്ഥലങ്ങളിലും ഒക്ടോബർ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മോൻത എന്ന പേരിട്ടത്...
ട്രോപ്പിക്കൽ സൈക്ലോണുകൾ, അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നവയാണ്. ഒരേ സമയം ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഓരോ ചുഴലിക്കാറ്റിനും കൃത്യമായി പേരുകൾ നൽകുന്നത്.
അക്ഷാംശ-രേഖാംശ വിവരങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ നൽകുമ്പോൾ, കാലാവസ്ഥാ വിദഗ്ധരല്ലാത്തവർക്ക് അത് മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ, ഒരു പേര് നൽകിയാൽ, സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ കാര്യങ്ങൾ മനസിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പേര് നൽകൽ ഏകദേശം യാദൃശ്ചികമായിരുന്നു. ഉദാഹരണത്തിന്, ഒരു അറ്റ്‌ലാന്‍റിക് ചുഴലിക്കാറ്റ് ആന്‍ജെ എന്ന ബോട്ട് തകർത്തപ്പോൾ, ആ ചുഴലിക്കാറ്റിനെ 'ആന്‍ജെ'സ് ഹറിക്കെയ്‌ൻ' എന്ന് വിളിക്കുകയായിരുന്നു.
പിന്നീട്, ചുഴലിക്കാറ്റുകൾക്ക് സ്ത്രീകളുടെ പേര് നൽകാനുള്ള രീതി ആരംഭിച്ചു. പേര് നൽകൽ രീതി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി, പേര് അക്ഷരമാലാക്രമത്തിൽ തിരഞ്ഞെടുക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഒരു വർഷത്തിലെ ആദ്യ ചുഴലിക്കാറ്റിന് 'ആന്‍' എന്ന പേര് ലഭിക്കും. ദക്ഷിണാർദ്ധ ഗോളത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നീട് പുരുഷന്മാരുടെ പേര് നൽകാനും തുടങ്ങി.
ലോകത്തെ ആറ് റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കൽ സെന്‍ററുകളും (RSMC) അഞ്ച് ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്‍ററുകളുമാണ് പേരുകളുടെ പട്ടിക തയാറാക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഒരു സ്പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കൽ സെന്‍ററാണ്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, യെമൻ എന്നീ 13 രാജ്യങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകുന്നതും പേര് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുന്നതും ഡൽഹി ആര്‍എസ്എംസി ആണ്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഈ രാജ്യങ്ങൾ നിർദ്ദേശിക്കുന്ന പേര് ഉപയോഗിക്കുന്നു. മോൻത എന്ന് ചുഴലിക്കാറ്റിന് പേര് നൽകിയത് തായ്‍ലൻഡാണ്. തായ്‌ലൻഡിന് ശേഷം അടുത്ത ഊഴം യുഎഇക്കാണ്. സെൻ യാർ എന്ന പേരാണ് യുഎഇ നിര്‍ദേശിച്ചിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

