തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മുംബൈ സ്വദേശിയുടെ കാർ തടഞ്ഞാണ് കവർച്ച. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. പ്രതികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.
ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മഹാരാഷ്ട്രയിലെ പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരില്‍വെച്ചായിരുന്നു സംഘം തട്ടിയെടുത്തത്. ബംഗളൂരുവില്‍ നിന്ന് ചെന്നൈയ്ക്കടുത്ത് സൗക്കാര്‍പ്പേട്ടിലേക്കായിരുന്നു കമ്പനിയുടെ ഡ്രൈവര്‍മാരായ പിയൂഷ്‌കുമാര്‍, ദേവേന്ദ്ര എന്നിവര്‍ പണവുമായി പോയിരുന്നത്. മൂന്നു കാറിലായെത്തിയ കവര്‍ച്ചാ സംഘം ആറ്റുപത്തൂരില്‍ വച്ച് പണം കവര്‍ച്ച നടത്തുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ച സംഘത്തിൽപ്പെട്ടവർ കേരളത്തിലുള്ളവരാണെന്ന് കണ്ടെത്തി.കേരളത്തിലെത്തിയ പൊലീസ് സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 12 പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘം ഇപ്പോഴും കേരളത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)