ഇടുക്കിയിൽ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനം സമ്മാനിച്ച് സുഹൃത്തുക്കള്‍

ഇടുക്കി: വാഹനം സമ്മാനിച്ച് സുഹൃത്തുക്കള്‍

ഇടുക്കിയിൽ ഒക്ടോബര്‍ 18 ലെ കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ട്രാവലറിന്റെ വീഡിയോ വേദനിപ്പിക്കുന്നതായിരുന്നു. കൂട്ടാര്‍ സ്വദേശി കേളന്‍ത്തറയില്‍ ബി റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വാഹനം നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ റെജിമോന് താങ്ങാവുകയാണ് ഒരുകൂട്ടം സുഹൃത്തുക്കള്‍.


വിനായക് എന്ന് പേരുണ്ടായിരുന്ന ട്രാവലറിന് പകരം അതേ പേരിട്ട് മറ്റൊരു ട്രാവലര്‍ സുഹൃത്തുക്കള്‍ സമ്മാനിച്ചു. വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് തന്നെയാണ് വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ ഏറ്റുവാങ്ങിയത്. റെജിമോന്റെ സുഹൃത്തുക്കളും ബെംഗളൂരുവില്‍ ഐ ടി ജീവനക്കാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ സുഹൃത്തുക്കളെ താക്കോല്‍ കൈമാറാന്‍ ഏല്‍പ്പിക്കുകയായിരുന്നു.


19 സീറ്റുള്ള ട്രാവലാണ് വാങ്ങി നല്‍കിയത്. ഒഴുകിപ്പോയ വാഹനം 17 സീറ്റായിരുന്നു. ഡ്രൈവറായെത്തിയുള്ള പരിചയമാണ് ഇവരുമായെന്നും അത് പിന്നീട് വളരുകയായിരുന്നുവെന്നും കടപ്പാട് അറിയിച്ചുകൊണ്ട് റെജിമോന്‍ പറയുന്നു. ഒഴുകിപ്പോയ വാഹനം തിരികെ ലഭിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു. പുഴയിലെ കല്‍ക്കൂട്ടത്തിനിടയില്‍ തങ്ങിനിന്നിരുന്ന വാഹനം ട്രാക്ടറിന്റെ സഹായത്തോടെയാണ് കരയ്ക്കുകയറ്റിയിരുന്നത്. വാഹനത്തിന്റെ ഉടമ റെജിമോനായിരുന്നെങ്കിലും ഡ്രൈവര്‍മാരായ സന്തോഷ്, രാജകൃഷ്ണ എന്നിവരുടെ ഉപജീവനമായിരുന്നു ഇത്.


വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേക്ക് ഓട്ടം പോയ ശേഷം വൈകിട്ട് ഏഴോടെ തിരികെയെത്തി പാര്‍ക്ക് ചെയ്ത വാഹനമാണ് ശനിയാഴ്ച രാവിലെ ഒഴുക്കില്‍പെട്ടത്. പത്തര ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ അധിക ജോലികളും ചെയ്തിട്ടുണ്ട്. 22,250 രൂപ പ്രതിമാസം അടവുള്ള വാഹന വായ്പ ഇനിയും രണ്ടര വര്‍ഷം ബാക്കിയുണ്ടായിരുന്നു.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS