
ബംഗാൾ ഉൾക്കടലില്‍ മോൻതാ ചുഴലിക്കാറ്റ്. അതിതീവ്ര ന്യുനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളിലായി 'മോന്‍താ' ചുഴലിക്കാറ്റുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 28 ഓടെ മോൻതാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അതിനാല്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
മൊൻത ചുഴലിക്കാറ്റ് നാളെ അതിതീവ്ര ചുഴലിക്കാറ്റായി മാറും
മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാത്രിയോടെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഫുട്പാത്തുകളിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. ഭക്ഷ്യ ധാന്യങ്ങളും ഇന്ധനവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ തീരങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിൽ സ്കൂളുകൾ അടച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

