ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ രണ്ട് മാസത്തിനിടെ എത്തിയത് 27700 സഞ്ചാരികള്‍

ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍


ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്‌ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25060 മുതിര്‍ന്നവരും 2640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആര്‍ച്ച് ഡാം എന്ന നിര്‍മ്മാണ വിസ്മയം നേരിട്ടാസ്വദിക്കാന്‍ നിരവധി പേരാണ് ഇടുക്കിയില്‍ എത്തുന്നത്. കുറുവന്‍ കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്. ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേയ്ക്ക്. 


നിലവില്‍ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേയ്ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കു മുകളിലൂടെ കാല്‍നട യാത്ര അനുവദിക്കില്ല. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ് വഴി സന്ദര്‍ശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനു ശേഷം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.


ചെറുതോണി തൊടുപുഴ റോഡില്‍ പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേയ്ക്ക് എത്താം. മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം. അടുത്ത മാസം മുതല്‍  സന്ദര്‍ശക നിയന്ത്രണം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. നവംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. നിയന്ത്രണം ഒഴിവാക്കിയാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. കെ. എസ്. ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗമാണ് സന്ദര്‍ശകര്‍ക്കുള്ള ബഗ്ഗി കാറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദര്‍ശകര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS