
ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്ബിഐ ബാങ്ക് മാനേജർമാർ ഹർജികക്ഷിക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. റാന്നി ഐരൂർ വില്ലേജിൽ തടിയൂർ തുഷാരം വീട്ടിൽ ആർ അനിൽ കുമാർ എസ്ബിഐ കോഴഞ്ചേരി ബ്രാഞ്ച് മാനേജർക്കെതിരെയും എസ്ബിഐ കോന്നി ബ്രാഞ്ച് മാനേജർക്കെതിരെയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധി ഉണ്ടായത്.
ഹർജികക്ഷി എസ്ബിഐ കോഴഞ്ചേരി ശാഖയിലെ അക്കൗണ്ട് ഹോൾഡർ ആണ്. 18/11/2023ൽ അദ്ദേഹത്തിന്‍റെ 50,000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ പറ്റാതെ വരികയും തുടർന്ന് മകളുടെ വിദ്യാഭ്യാസ ലോൺ അടക്കുന്നതിന് വേണ്ടി എസ്ബിഐ കോന്നി ശാഖയിലേക്ക് അയച്ച് 20,000 രൂപ ആ ബാങ്ക് മരവിപ്പിച്ചതിന്‍റെ കാരണം ചോദിച്ചപ്പോൾ കർണാടകയിലെ കോളാർ കാൺ പൊലീസ് എസ്എച്ച്ഒയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി എന്നാണ് അറിയിച്ചത്. ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹർജികക്ഷിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് കൂടുതൽ അന്വേഷണത്തിൽ മനസിലായത്. ഹർജികക്ഷിക്ക് കേസിമായി ഒരു ബന്ധവുമില്ല.
ഹർജിക്കാരൻ 08/08/2023ൽ ഒരു ഓൺലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് 19,000 രൂപ നഷ്ടപ്പെട്ട വിവരം ടോൾ ഫ്രീ നമ്പരായ 1930 ൽ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഹർജികക്ഷിയുടെ ബാങ്കിൽ കിടന്ന രൂപ കൂടി ബാങ്കുകാർ മരവിപ്പിച്ച സാഹചര്യമാണുണ്ടായിരിക്കുന്നത്. ബാങ്കുകാരുടെ ഈ നടപടിക്കെതി രെയാണ് ഹർജികക്ഷി കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഹർജി ഫയലിൽ എടുക്കുകയും എതിർകക്ഷികളായ ബാങ്കിന് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും ചെയ്തു.
എതിർകക്ഷികളായ രണ്ട് ബാങ്ക് മാനേജർമാരും കമ്മീഷനിൽ ഹാജരാകുകയും എതിർകക്ഷിയുടെ ആവശ്യപ്രകാരം കോളാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ കുടി പ്രതിയാക്കുകയും ചെയ്തു. എന്നാൽ നോട്ടീസ് കൈപ്പറ്റിയിട്ടും എസ്എച്ച്ഒ കമ്മീഷനിൽ ഹാജരായി തെളിവുകൾ ഹാജരാക്കിയില്ല. ഇരുകൂട്ടരേയും വിസ്തരിച്ച കമ്മീഷന് മനസിലായത് നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് ഹർജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ്.
ഒരു അക്കൗണ്ട് മരവിപ്പിക്കണമെങ്കിൽ സിആർപിസി സെക്ഷൻ 102 പ്രകാരം അധികാര പരിധിയിൽ വരുന്ന മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേരള ഹൈക്കോടതി 2025 KHC online 10247 വിധിയിൽ ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. കമ്മീഷനിൽ പ്രതികൾ ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ കോളാർ പൊലീസ് സ്റ്റേഷൻകാരോ, ബാങ്കുകാരോ അക്കൗണ്ട് മരവിപ്പിച്ച കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചിട്ടുള്ളതായിട്ടുള്ള രേഖകൾ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.