
വാഹനങ്ങളിലെ അനധികൃത എയർ ഹോണുകൾ കണ്ടെത്താൻ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയിൽ നൂറുകണക്കിന് അനധികൃത എയർ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങൾക്കാണ് പിടിവീണത്. 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
പ്രസംഗിക്കുന്നതിനിടെ ഹോൺ മുഴക്കിയതിൽ അരിശം തീരാതെ മന്ത്രി
കോതമംഗലത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ ഉദ്ഘാടനത്തിനിടെ ഉണ്ടായ അനുഭവത്തിന്‍റെ അരിശം തീരാതെ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. വാഹനങ്ങളിലെ എയര്‍ ഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി നശിപ്പിക്കാനാണ് കെ ബി ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശം. നിറയെ ആളെ കയറ്റി അമിത വേഗത്തിൽ ഹോൺ മുഴക്കി എത്തിയ സ്വകാര്യ ബസ്സിനെ കയ്യോടെ പിടികൂടിയ മന്ത്രി എയര്‍ ഹോൺ വിരുദ്ധ പോരാട്ടം കേരളമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. 13 മുതൽ 19 വരെ വ്യാപക പരിശോധന നടക്കും. വാഹനങ്ങളിൽ പിടിപ്പിച്ച എയര്‍ ഹോളുകളെല്ലാം ഊരിമാറ്റും. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കാനാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നൽകുന്ന നിര്‍ദ്ദേശം. അത് മാത്രം പോര ഹോണുകൾ നിരത്തി വച്ച് അതിൽ റോഡ് റോളര്‍ കയറ്റി ഇറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്ലാസ്റ്റിക് കുടിവെള്ള കുപ്പി ഇട്ടതിന്‍റെ പേരിൽ കെഎസ് ആര്‍ടിസി ബസ് വഴിയിൽ തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ശകാരിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഹോൺ മുഴക്കിയെത്തിയ ബസ്സിനെ ഓടിച്ചിട്ട് പിടികൂടിയതും സംസ്ഥാനമാകെ എയര്‍ ഹോൺ വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതും. എയര്‍ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ പരമാവധി 2000 രൂപ പിഴയിടാനാണ് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവവസ്ഥ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

