കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിലെ സംഘർഷം; ഡിവൈഎഫ്ഐ നേതാവുൾപ്പടെ 321 പേർക്കെതിരെ കേസ്, വീടുകളിൽ വ്യാപക റെയ്‌ഡുമായി പൊലീസ്

ഡിവൈഎഫ്ഐ നേതാവുൾപ്പടെ 321 പേർക്കെതിരെ കേസ്

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻറ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ വീടുകളിൽ വ്യാപക റെയ്ഡുമായി പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെ താമരശ്ശേരി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി ,ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാർഡുകളിലും സമരസമിതി ഇന്ന് ഹർത്താൽ നടത്തും.


കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പ്രതികൾക്കായി വ്യാപക പരിശോധനയാണ് താമരശ്ശേരിയിൽ നടക്കുന്നത്.വടകര റൂറൽ എസ്. പി കെ ഇ ബൈജു ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം സമരക്കാർക്കും പരുക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരം ആണ് പ്ലാന്റിന് മുന്നിൽ സമരം നടന്നത്.


താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റർ അപ്പുറം ഉള്ള സ്ഥിരം സമരവേദിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമ്പോൾ ആണ് മറ്റൊരു സംഘം മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ അകത്ത് കയറി വാഹനങ്ങൾക്കും ഫാക്ടറിക്കും തീയിടുന്നത്. അതിൽ 10 ലോറികൾ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS