ശബരിമലയെ സംരക്ഷിക്കണം; ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്

നാമജപ പ്രതിഷേധം തുടങ്ങാൻ ഹിന്ദു ഐക്യവേദി

ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപ പ്രതിഷേധം തുടങ്ങാൻ ഹിന്ദു ഐക്യവേദി. മറ്റന്നാൾ മുതൽ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും. ദേവസ്വം ബോർഡ് രാജിവെക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം. അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. 


2019ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയത്, പണപ്പിരിവ് നടത്തിയത്, സ്പോൺസർഷിപ്പ് നേടിയത് തുടങ്ങിയ വിവരങ്ങൾ വിജിലൻസ് തേടി. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.


ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്ന് നടൻ ജയറാം

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്ന് നടൻ ജയറാം. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പന്റെ ഒരു രൂപ എങ്കിലും എടുത്താൽ ശിക്ഷാ കിട്ടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് അന്ന് പൂജയിൽ പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.


ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്

സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട്‌ ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറന്റി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിന് വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറന്റി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനമെടുത്തത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS